2017, ഏപ്രിൽ 25, ചൊവ്വാഴ്ച

എന്റെ ആകാശം


ആകാശത്തേക്ക് നോക്കി കിടക്കുമ്പോൾ ഒരു മഴത്തുള്ളി നെറുകയിൽ വീഴുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ.. മാനത്തു നോക്കി കിടക്കുമ്പോൾ ഒരായിരം നക്ഷത്രങ്ങളോട് വഴക്കു കൂടാം. അവർ ഓരോരുത്തരും ഓരോരോ ദുഃഖങ്ങൾ പങ്കുവെക്കും സന്തോഷങ്ങൾ പങ്കുവെക്കും. അത് നല്ലയൊരനുഭവമാണ് . നിശബ്ദമായി അങ്ങനെ കിടക്കാൻ കഴിയുന്നത് ഭാഗ്യമാണ്.



എത്ര വേദനയുള്ളപ്പോഴും രാത്രിയിൽ ആകാശത്തേക്ക് നോക്കി കിടന്നാൽ കിട്ടുന്ന മനഃശാന്തി അത് അനുഭവിച്ചു തന്നെ അറിയണം. മഴമേഘങ്ങൾ മൂടപ്പെട്ടാലും അവക്കിടയിലൂടെ നമ്മളെ നോക്കി കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾ എന്നും കൂട്ടായി ഉണ്ടാവും.



അമാവാസി രാത്രികളിൽ നക്ഷത്രങ്ങളൂം ചന്ദ്രനും ഇല്ലെങ്കിലും ഇരുട്ടിൽ ആരൊക്കെയോ കൂട്ടിനു ഉണ്ടാവും എന്ന വിശ്വാസം അത് നൽകുന്ന സാന്ത്വനം ആത്മവിശ്വാസം . അതിനു പകരം വെക്കാൻ എന്താണ് ഉള്ളത് ? ചീവീടുകളുടെ കരച്ചിലും മൂങ്ങകളുടെ മൂളലും കുറച്ചു പാലപ്പൂ മണവും ഇരുളുമൂടിയ ആകാശവും നൽകുന്നത് സുന്ദരമായ രാത്രിയാവും.



തുലാവർഷ രാത്രികളിൽ ഇടിയും മിന്നലും നിറഞ്ഞ നമ്മുടെ ആകാശം എത്ര സുന്ദരമാണ് . ആകാശത്തിന്റെ വലിയ ക്യാൻവാസിൽ അപ്പോൾ വരക്കപ്പെടുന്ന ചിത്രങ്ങൾ എത്ര മായിച്ചാലും മനസ്സിന്റെ ചുവരിൽനിന്നും മായാതെ കിടക്കുന്നു . എത്ര ചായക്കൂട്ടുകൾ കൂട്ടികലർത്തിയാലും അത്രയും സുന്ദരമായ ചിത്രം നമുക്ക് സൃഷ്ടിക്കാൻ കഴിയില്ല.



മകരമാസ തണുപ്പിൽ മൂടൽ മഞ്ഞുകൾക്കു ഇടയിലൂടെ നമ്മൾ കാണുന്ന തിളക്കമാർന്ന ആകാശം എത്ര സുന്ദരമാണ്. ആ ഇളം തണുപ്പേറ്റ്‌ മുകളിലേക്ക് നോക്കി കിടക്കാൻ എന്നും കൊതിതോന്നും.



നീലാകാശവും, മഴമേഘങ്ങൾ നിറഞ്ഞ ആകാശവും, ചെമ്പട്ടു പുതച്ച ആകാശവും പകലിന്റെ സൗന്ദര്യം കൂട്ടുന്നു . ഓരോ ദിനങ്ങളും ഓരോ നിറഭേദങ്ങൾ ജീവസ്പന്ദനമാക്കി മാറ്റുന്ന പ്രകൃതിയുടെ ചിത്രപ്പുരയിലെ കാഴ്ചകൾ എത്ര പറഞ്ഞാലും മതിയാവില്ല.



പ്രഭാതത്തിലെ ആകാശവും സായാഹ്നത്തിലെ ആകാശവും എത്ര സുന്ദരമാണ് . പലപ്പോഴും നമ്മുടെ മനസിസ്ന്റെ അവസ്ഥയെപോലെയും സ്വാധീനിക്കാൻ ആ ആകാശകാഴ്ചകൾക്ക് ആവും.



ഏറ്റവും സുന്ദരമായ ചിത്രങ്ങൾ കിട്ടുക നമ്മുടെ പ്രകൃതിയിൽ നിന്നുമാണ്. അതിനെ എന്നും കാത്തു സൂക്ഷിക്കുക. മൊബൈലും വട്സാപ്പും എഫ് ബിയും വന്നതോടെ നമുക്ക് നഷ്ടപ്പെടുന്ന സുന്ദര നിമിഷങ്ങളാണിവ. ഇതിനും കുറച്ചു സമയം കണ്ടെത്തുക .എന്നും മനസ്സിൽ കുറിച്ചിടാൻ താലോലിക്കാൻ ഇങ്ങനെ കുറെ സുന്ദര നിമിഷങ്ങൾ ഉണ്ടാവട്ടെ.



************************************************************************

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

എന്നെന്നും


താളങ്ങൾ തെറ്റാത്ത ഹൃദയത്തിന്റെ
ഇനിയും ജീവിക്കാൻ കൊതിക്കുന്ന
മോഹങ്ങൾ നിറഞ്ഞ മനസ്സിന്റെ
തുടിക്കുന്ന പ്രാണനാണ് പ്രീയേ നീ
കറുകത്തുമ്പിലിറ്റു നിൽക്കും ഹിമകണത്തിൽ
തിളങ്ങുന്നു എൻ പ്രീയ തൻ സുന്ദരവദനം
അരുതേ ഇളം കാറ്റേ
നീ പൊഴിച്ചീടല്ലേ എൻ ഹിമകണത്തെ
ആരാലും ചവിട്ടി ഉടക്കപ്പെടല്ലേ
എൻ ആരാമത്തിലെ
ആരും കൊതിക്കുമീ
കറുക നാമ്പ്.
പ്രാണനുള്ള കാലത്തോളം
പ്രാണനായെന്നിടനെഞ്ചിൽ
ഹൃദ്യമാം താളമായ് 
നീ തുടിച്ചീടും പ്രീയേ....
നമ്മളൊത്തു ചേരുമെന്നോതവേ
മോഹങ്ങൾ തൻ വല്ലികളാൽ 
ജീവിതമാം കിളിമരച്ചില്ലയിൽ
പടർന്നു പന്തലിച്ചിടാം
ഇന്നുകൾ നാളത്തെ ഓർമ്മകളായ് മാറിടുമ്പോൾ
പൊയ്‌പ്പോയ വസന്തത്തിൻ മധുരമാം ഓർമ്മകൾ
പല വർണ്ണ ചായങ്ങൾ ചാലിച്ച ചിത്രങ്ങളായ് 
നമ്മുടെ അകതാരിലെന്നും നിറഞ്ഞിടുന്നു
നിൻ കാൽപ്പാടുകൾ ചേർന്ന്
നടന്നു നീങ്ങിടുമ്പോൾ
ഒരീറൻ കാറ്റിനാൽ
ആലിംഗബദ്ധരായിടുന്നു നാം
ഇന്നത്തെ ദുഃഖങ്ങൾ നാളത്തെ നീറുന്ന
ഓർമ്മകളായിടുമ്പോൾ, സാന്ത്വനമായ് 
നീ നൽകിയ സ്നേഹസംരക്ഷണം
ദൃഢമാക്കിടുന്നു ബന്ധങ്ങൾ.
.....................................

2016, മാർച്ച് 19, ശനിയാഴ്‌ച

വേനൽമഴ പെയ്തു കഴിഞ്ഞപ്പോൾ



"ഒരു വേനൽ മഴ പോലെ മനസ്സിനെ തണുപ്പിക്കുന്ന അനുഭൂതിയാണ് പ്രണയം അത് ഒരിക്കലെങ്കിലും അനുഭവിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ സൌഭാഗ്യം. ആ മഴ എന്നും നല്ല ഒരു ഓർമ്മയായിരിക്കും. പല പുൽനാമ്പുകൾക്കും കിളിർത്തു വരാൻ കഴിയും എന്നാൽ പിന്നീടു പ്രതികൂലമായ ചൂടിനെ അതിജീവിക്കുന്ന പുൽനാമ്പുകൾ മാത്രം വളർന്നു വലുതാകുന്നു. കടുത്ത വേനലിലും വാടാതെ നിൽക്കുന്ന നമ്മുടെ പ്രണയത്തിന്റെ തണലിൽ ഇന്ന് നമ്മൾ മുന്നോട്ടു പോകുന്നത്. എന്റെ മുത്തിനെ കാണാതെ കേൾക്കാതെ എനിക്ക് ഒരു ദിനം പോലും മുന്നോട്ടുപോകാൻ ആവില്ല. എത്ര പിണക്കം കുശുമ്പും നീ എടുത്താലും നിന്റെ ആ സ്വരം എന്നിലെ എല്ലാ വിഷമങ്ങളും അലിയിച്ചു ഇല്ലാതാക്കും. അത് എന്നെക്കാളും കൂടുതൽ നിനക്ക് അറിയാം അതിനാൽ തന്നെ നീ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നതും."
ദിവസവും വീഡിയോ ചാറ്റ് ചെയ്യും എങ്കിലും ഒരു മെയിൽ ദിവസവും കിട്ടിയില്ല എങ്കിൽ ഞങ്ങൾ 2 പേർക്കും അത് വല്ലാത്ത വീർപ്പു മുട്ടൽ ആണ്. വാക്കുകൾക്ക് ഉള്ള സൌന്ദര്യം ഒന്ന് വേറെ തന്നെ.
വാട്സ് അപ്പിലേക്ക് മെസ്സേജു വരുന്നതിന്റെ ശബ്ദം കേട്ട് ആണ് കാലത്ത് ഉണർന്നത് . എടുത്തു നോക്കുമ്പോൾ കുറെ "ഹും ഹും ഹും" മാത്രം. വെള്ളിയാഴ്ച ആയതിനാൽ കുറെ അധികം അങ്ങ് ഉറങ്ങി .ഇന്ന് ഇന്ദുവിന്റെ ജന്മദിനം ആണ് എന്നാ കാര്യം ഓർത്തും ഇല്ല . വെളുപ്പിനെ എണിറ്റു വിളിക്കണം എന്ന് ആണ് ഇന്നലെ അവസാന ഉമ്മയും കൊടുത്തു പിരിയുമ്പോൾ ഞാൻ തീരുമാനിച്ചത് . അലാം അടിക്കാത്ത വെള്ളിയാഴകളിൽ ഉണരുന്നത് ഒരു സമയത്ത് ആണ് . എല്ലാ ദിവസവും "നളദമയന്തി കഥയിലെ അരയന്നം പോലെ" എന്നാ മലയാള ഗാനവും കേട്ട് ഉണര്മ്പോൾ തന്നെ മനസ്സ് ഒരു പ്രണയാതുര ആയ മൂടിലേക്ക് എത്തും അതിനാൽ തന്നെ ജോലികൾ ചെയ്യാനും ഒരു ആവേശം ആണ് .
മെസ്സേജു കണ്ടു വേഗം ഇന്ദുട്ടിയെ വിളിച്ചു എന്നാൽ മൊബൈൽ ഓഫ്‌ . അപ്പോൾ ആണ് ഓർത്തത്‌ കാലത്ത് എണിറ്റു അമ്പലത്തിൽ പോകും എന്ന് പറഞ്ഞിരുന്നു . നാട്ടിൽ ഇപ്പോൾ അമ്പലത്തിൽ ഉച്ചപൂജക്കു സമയം ആയി കാണുമല്ലോ . ഇത് വരെ തൊഴുതു കഴിഞ്ഞില്ലേ . എന്തായാലും വാട്സ് അപ്പിൾ കുറെ മെസ്സേജ് വിട്ടേക്കാം എന്ന് കരുതി കുറ എമെസ്സെജുകൾ അങ്ങട് വിട്ടു .
അവസാന വർഷ ഡിഗ്രിക്ക് ഞാൻ പഠിക്കുമ്പോൾ ആണ് ഇന്ദുനെ ആദ്യമായി കാണുന്നത്. അത് വരെ പ്രണയിക്കാൻ തോനാതിരുന്നതിന്റെ എല്ലാ വീർപ്പു മുട്ടലുകളും അവളെ കണ്ടതോടെ മാറി. കോളേജു ക്യന്റീനിലും വരാന്തയിലും വെച്ച് ഒരുപാട് കാണാറുണ്ട് എങ്കിലും ഒരിക്കലും മനസ്സ് തുറന്നു സംസാരിക്കാൻ അവസരം കിട്ടിയില്ല. കാണുമ്പൊൾ ചിരിക്കും സംസാരിക്കും എന്നതിന് ഉപരിയായി മനസ്സിൽ അവളോട്‌ ഉള്ള പ്രണയം അലയടിച്ചു ഉയരുകയാണ്. എങ്ങനെ അവളോട്‌ അത് പറയും എന്നാ ചിന്ത മനസ്സിനെ പലപ്പോഴും വിഷമത്തിൽ ആക്കി. തുറന്നു പറഞ്ഞു കഴിയുമ്പോൾ ഇഷ്ടമല്ല എന്നാ മറുപടി ആണ് വരുന്നത് എങ്കിൽ എന്ത് ചെയ്യും എന്നാ ചിന്ത വല്ലാതെ വിഷമ അവസ്ഥയിൽ എത്തിച്ചു. അങ്ങനെ ഇരിക്കെ ആണ് കോളേജു യൂണിയൻ തിരഞ്ഞെടുപ്പ് എത്തിയത്. തിരഞ്ഞെടുപ്പിന്റെ ആവേശം തലയ്ക്കു പിടിച്ചു എല്ലാവരും നടക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ അവളോട്‌ ഉള്ള പ്രണയത്തിന്റെ ആവേശം ആയിരുന്നു. എന്റെ നോട്ടവും പെരുമാറ്റവും മനസ്സിലാക്കിയട്ട് എന്നോണം അവളിലും ചില മാറ്റങ്ങൾ ഞാൻ കണ്ടു. അതിനെ ഒരു പോസിറ്റീവ് ആയതിനാൽ 2 ഉം കൽപ്പിച്ചു അവളോട്‌ ഉള്ള പ്രണയം തുറന്നു പറഞ്ഞു.
"ഹായ് ഇന്ദു സുഖം അല്ലെ . എനിക്ക് അത്യാവശ്യം ആയി ചില കാര്യങ്ങൾ പറയാൻ ഉണ്ട് . അത് കേട്ട് നീ എന്ത് പ്രതികരിച്ചാലും എന്റെ തീരുമാനം മാറില്ല."
"എന്താ കാര്യം വല്ല ഉടായിപ്പും ആണോ?"
"ഞാൻ ഉടായിപ്പ് ആണ് പക്ഷെ എന്റെ ചിന്തയും എന്റെ സ്നേഹവും ഉടായിപ്പ് അല്ല . എനിക്ക് തന്നെ ഇഷ്ടം ആണ് . ഇഷ്ടം എന്നാൽ എന്റെ ജീവിതത്തിൽ ഇനി എന്നും നീ എന്റെ ഒപ്പം ഉണ്ടാവണം എന്റെ പെണ്ണ് ആയി എന്നാണു എന്റെ ചിന്ത തീരുമാനം. എന്താ നിന്റെ അഭിപ്രായം?"
ഞാൻ ഇത്രയും തുറന്നടിച്ചു പറയും എന്ന് അവളും കരുതിയില്ല. കേട്ട ഷോക്കിൽ അവൾ ഒന്നും പറയാതെ പോകാൻ തുടങ്ങി. ഞാൻ ബാഗിൽ പിടിച്ചു അവിടെ നിർത്തി.
"എന്ത് മറുപടി ആയാലും പറഞ്ഞട്ട് പോകൂ."
"ഞാൻ എന്ത് പറയാൻ . മനസ്സിലാക്കാൻ കഴിയില്ല എങ്കിൽ ഒന്നും പറയാൻ ഇല്ല. എന്നെ പഠിക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വിട്ടത് അല്ലാതെ ജീവിത പങ്കാളിയെ കണ്ടെത്താൻ അല്ല. അത് മനസ്സിലാക്കിയാൽ നല്ലത്."
"കൂടുതൽ ജാഡ ഇറക്കണ്ട നിനക്ക് ഇഷ്ടം ആണോ എന്നാ ചോദ്യം ഇനി ഞാൻ ചോദിക്കുന്നും ഇല്ല. കോളേജു ക്ലാസ് ഒക്കെ കഴിഞ്ഞട്ട് ഞാൻ വീട്ടില് വന്നു പെണ്ണ് ചോദിച്ചു കെട്ടിക്കൊള്ളാം. അത് വരെ നിന്നെ വേറെ ആരും അടിച്ചോണ്ട് പോകാതിരുന്നാൽ മതി."
"ഹും ഞാൻ എന്താ വിലക്കാൻ വെചെക്കുന്ന ചരക്കോ വല്ലോരും കൊണ്ട് പോകാൻ . ഹും ഞാൻ പോകുന്നു. എന്നാലും എനിക്ക് ഇഷ്ടം അനു ഈ ഉടായിപ്പിനെ ട്ടോ."
പിന്നീട് ഉള്ള ദിനങ്ങൾ പ്രണയത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ചു ഉള്ളതായിരുന്നു. കോളേജു അങ്കണത്തിൽ ഉള്ള ഗുൽമോഹർ മരങ്ങൾക്ക് താഴെ ആയിരുന്നു അന്ന് മിക്ക കമിതാക്കളും ഞങ്ങളും അവിടെ ഞങ്ങൾക്കായി ഒരു സ്ഥലം കണ്ടെത്തി . സ്വസ്ഥമായി ഇരുന്നു സംസാരിക്കാൻ ഇതിലും നല്ല സ്ഥലം ഇല്ല, ചുമന്ന പട്ടു കൊണ്ട് കുട പിടിച്ച പോലെ ഉള്ള ഗുൽമോഹർ മരങ്ങൾ എന്നും പ്രണയത്തെ തളിർത്തു വളരാൻ പ്രേരിപ്പിക്കുന്ന ഒന്ന് ആണ് .
എന്റെ കൊഴ്സ്സു കഴിഞ്ഞു പിരിയുന്ന ദിനം വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു . അന്ന് ആണ് ഞങ്ങൾ ശരിക്കും വേദനിച്ചത്‌. ഇനി ഇതേപോലെ ഒന്നിച്ചു ഇരുന്നു സംസാരിക്കാൻ ഉള്ള അവസരം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ എത്ര മാത്രം നൊമ്പരപ്പെടുത്തി എന്നത് പറഞ്ഞു അറിയിക്കാൻ കഴിയില്ല . ശരിക്കും ഉള്ള പ്രണയം അറിയുന്നത് അകന്നു നിൽക്കുമ്പോൾ ആണ് എന്ന് പലരും പറയുന്നത് ശരിയാണ് എന്ന് പിന്നീട് മനസ്സിലായി . ഒരു ദിനം എങ്കിലും ഫോണിൽ കൂടി എങ്കിലും അവളുടെ ശബ്ദം കേൾക്കാതിരിക്കാൻ കഴിയാത്ത അവസ്ഥ .

തുടരും ....

2015, ജൂലൈ 12, ഞായറാഴ്‌ച

ഇതും ഒരു വനരോദനം


ഉരുകുന്നു ദേഹവും ദേഹിയും

കത്തുന്നു മണ്ണും വിണ്ണും

പൊള്ളി ഇളകുന്നു തോലുകൾ

കരിഞ്ഞു കൊഴിയുന്നു ദളങ്ങൾ

മഴ മേഘങ്ങൾക്കായ് വാതോരാതെ

വിലപിക്കുന്നു വേഴാമ്പലുകൾ.

കാട്ടുതീയായി പടർന്നെത്തുന്നുകൊടും വേനലുകൾ

ശീതീകരണ യന്ത്രത്തിൻ സ്വിച്ചുകൾ തിരിച്ചു

ദീർഘ നിശ്വാസമിടുന്നു മാനവർ.


അരങ്ങത്ത് വികസനവും

അണിയറയിൽ അഴിമതിയുമായ്

അരിഞ്ഞു വീഴ്ത്തപ്പെടുന്നു സ്വപ്‌നങ്ങൾ.

കടക്കണ്ണിനാൽ കരൾ കവർന്നും

മധു മൊഴികളാൽ മനം കവർന്നും

അരങ്ങു തകർക്കും കരനാഥന്മാർ

തോണ്ടിടുന്നു കുഴിമാടങ്ങൾ

മായകളാൽ തകർത്തിടുന്നു

ഈ ഭൂമിതൻ ആത്മാവിനെ.


കൊയ്ത്തുപാട്ടുമായ് കൊയ്തെടുക്കും

കനകത്തിൻ കതിർമണികൾ

കാണുന്നീല ഒരു വയലേലകളിലും

കറുകയും പോളയും തഴച്ചു

കുപ്പിയും മാലിന്യങ്ങളുമായ്

നിറമാറ് പൊട്ടി ഒഴുകിടുന്നു.


ഇന്നിന്റെ ഈ നേർക്കാഴ്ചകൾ 

മനതാരിൽ ഒരു നീറ്റലായി മാറിടുന്നു

മാറ്റത്തിൻ ചിന്തകൾ വനരോദനമായി

മാറിടുമ്പോൾ പുതിയ പുലരികൾ

ആർത്തനാദങ്ങളാൽ മുഖരിതമായിടുന്നു, 

മാറുക മാനവ ഇല്ലെങ്കിൽ 

പ്രകൃതി തൻ രൗദ്രത്താൽ 

തുടച്ചു നീക്കപ്പെടും നിൻ സംസ്കാരം .

*******************************************************


2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒന്നാം ഇന്റർനാഷണലിന്റെ 150)o വാർഷികം

സാർവ്വദേശീയ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ആഹ്വാനം ചെയ്തു 1848 ഇൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ചതിനു ശേഷം സാർവ്വദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന എട് ആണ് കാറൽ മാക്സ്സിന്റെയും എങ്കൽസ്സിന്റെയും നേതൃത്വത്തിൽ 1964 സെപ്റ്റംബർ 28 നു നടന്ന ഒന്നാം ഇന്റർനാഷണൽ. സാർവ്വദേശീയ തൊഴിലാളികൾ എന്ന ആശയം സജീവ ചർച്ച ആകുന്നതു ഈ സമ്മേളനത്തോട് കൂടി ആണ് . തൊഴിലാളി വർഗ്ഗത്തെ അടിമകളായി കണ്ടിരുന്ന സാമൂഹിക ചുറ്റുപാടിൽ നിന്നും അവർക്ക് ഒരു സംഘടിത രൂപം ഉണ്ടാക്കാനും അവർക്ക് മോചനം നൽകാനും ആഹ്വാനം ചെയ്തു ഉയർന്നു വന്ന പ്രസ്ഥാനം ആയിരുന്നു അത് . വർഗ്ഗ സമരത്തിലൂടെ സമൂഹത്തിൽ തുല്യ അവകാശങ്ങൾ നേടി എടുക്കണ്ടത് തൊഴിലാളികളെ പ്പോലെ എല്ലാ വിഭാഗത്തിന്റെയും ആവശ്യം ആണ് എന്ന മഹത്തായ ചിന്ത ഉയർത്തികൊണ്ടു വരാൻ അതിലൂടെ സാധിച്ചു . തുല്യ അവകാശങ്ങൾക്കും തുല്യമായ കടമകളും വർഗ്ഗ സമരത്തിന്റെ ആശയമായി ഉയർന്നു വരുകയും അതിലൂടെ സാർവ്വദേശീയമായ ഐക്യത്തിന്റെയും പ്രസക്തി എല്ലാ തൊഴിലാളി യൂണിയനുകളും തിരിച്ചറിഞ്ഞു .

1889 ൽ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലും പിന്നീട് 1919ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നിലവില്‍വന്നു. 1943 ഇൽ അത് പിരിച്ചു വിടുകയും പിന്നീട് സാർവ്വദേശീയ തൊഴിലാളികളുടെ ഐക്യവേദിയായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (ഡബ്ല്യുഎഫ്ടിയു) രൂപം കൊണ്ട് ശീത യുദ്ധത്തിന്റെ ഫലമായി അത് ദുർബ്ബലപ്പെടുകയും സോവേറ്റ് യൂണിയന്റെ തകർച്ചയോടെ അത് ഇല്ലാതാകുകയും ചെയ്തു . ഇപ്പോൾ നിലവിൽ ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെ സംഘടയായി അറിയപ്പെടുന്നത് ട്രേഡ്യൂണിയന്‍ ഇന്റര്‍നാഷണല്‍ ആണ് .

ചൂഷക രഹിതമായ ഒരു സമൂഹം ഉയർന്നു വരുകയും . എല്ലാവർക്കും തുല്യ അവകാശവും തുല്യ കടമയും ലഭിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടാവണം . അതാകണം എല്ലാ പ്രസ്ഥാങ്ങളുടെയും ലക്ഷ്യം . വ്യാവസായിക തൊഴിലാളികൾ കൂടാതെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെടുന്ന എല്ലാ തൊഴിലാളികളും അണിനിരക്കുന്ന പ്രസ്ഥാനം ആയി ഇന്ന് പല തൊഴിലാളി സംഘടനകളും മാറി. അവയുടെ കാലോചിതമായ പരിഷ്കാരങ്ങളും സമൂഹത്തിലും തൊഴിൽ മേഘലകളിലും ഉള്ള ഇടപെടലും വർഗ്ഗ ബോധവും തൊഴിൽ നിയമങ്ങലെക്കുരിച്ചുള്ള ബോധ വൽക്കരണം നടത്തുകയും അതിലൂടെ കൂടുതൽ വർഗ്ഗ ബോധം ഉള്ള തൊഴിലാളി സംസ്കാരം ഉയർത്തികൊണ്ടു വരാനും ഇന്ന് കഴിയുന്നുണ്ട് .

ഇന്ന് (28-9-2014)ഒന്നാം ഇന്റർനാഷണലിന്റെ 150)o വാർഷികമാണ് . ബ്രിട്ടനിൽ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും വിവിധ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളും സംയുക്തമായി അത് ആഘോഷിക്കുന്നു .

2014, മാർച്ച് 17, തിങ്കളാഴ്‌ച

വിലാപ കാവ്യം

സൂര്യ തപത്താൽ വിണ്ടു കീറുന്നോരീ
ഭൂമിതൻ പുറം ചട്ടയിൽ
ഒരിറ്റു വെള്ളത്തിനായി
കേഴുന്നോരീ ഉണ്ണികൾ തൻ വിലാപങ്ങൾ

പൂഴിമണലിൽ പൂഴികൾ പറത്തി
ആഞ്ഞു വീശും മാരുതനും
വെന്തുനീറൂന്നോരീ അർക്കന്റെ
തപവാഹിനിയായിടുന്നു

ഇന്നീ കവല തൻ വക്ഷസ്സിൽ
നിറയവ്വനവുമായി ഉയർന്നു നിന്നിടുമ്പോൾ
എൻ ശിഖരത്തിൽ ആടിക്കളിക്കും കുരുവിക്കൂടുകൾക്ക്
ഒരു തണലായ് എൻ നിഴൽ മാറിടുന്നു.

ഉച്ചവെയിലിൻ ഉച്ചസ്ഥായിയിൽ
ഉതിർന്നു വീഴും വിയർപ്പു മണികൾ
വിരലിനാൽ തൂത്തെറിഞ്ഞു എൻ ശിഖരത്തിൻ നിഴലിൽ
എൻ അടിവേരുകളിലേക്ക് മഴുവെറിഞ്ഞിടുന്നു നീ

എൻ രോദനം കേൾക്കുന്നില്ല നീ
എങ്കിലും നിനക്ക് തണലായ്
ഞാൻ എൻ നിഴൽ നൽകിടുന്നു
എന്തേ എൻ രോദനം കേൾക്കുന്നില്ല നീ

അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.

എൻ നിഴൽ നിനക്കായ്‌ നൽകിയും
എൻ വേരുകൾ ജല കണികകൾ തടുത്തു
ഈ ഭൂമിതൻ ഈർപ്പം നിലനിർത്തിയും
എൻ ശിഖിരങ്ങൾ കുരിവികൾക്ക് കൂടിനായി നൽകിയും,

കത്തി ജ്വലിക്കും അർക്കന്റെ തപത്താൽ
എൻ ഇലകൾ വാടിടുമ്പോൾ
ഇളം തെന്നലാൽ കുളിരേകിയ
എൻ ശിഖിരത്തിൽ എന്തിനു ഈ മുറിവുകൾ

അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.

എൻ നിഴൽ തേടി ഇനിയുംവന്നിടും
കുരുവികൾക്ക് തണലേകാൻ നിനക്കാകില്ല മകനെ
കാർമേഘങ്ങൾ തടഞ്ഞു മഴയാക്കിടാൻ
നിൻ കരങ്ങൾക്കാകില്ല മകനെ .

നിൻ ഉച്ഛ്വാസം എന്നിലേക്കെടുത്തു
ജീവവായു നിനക്കായി നൽകിടുന്നു
ആകില്ല മകനെ നിനക്കാകില്ല
അന്യനായി ജീവവായൂ നൽകിടാൻ.

അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.

*******************************************************

2014, മാർച്ച് 9, ഞായറാഴ്‌ച

എന്റെ സംതൃപ്തി

തമ്പാനൂരിലെ തിരക്കേറിയ വീഥിയിൽ കൂടി വേഗത്തിൽ നടന്നു മുന്നോട്ടു പോകുമ്പോൾ ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ ഉള്ളവരുടെ വലിയ തിരക്കാണ് . രണ്ടാം ശനിയാഴ്ച്ചക്ക് തലേ ദിവസം ആയതിനാൽ പതിവിലും കൂടുതൽ തിരക്ക് നിരത്തിലും ബസ്സിലും . ട്രെയിനിൽ പോകാം എന്ന് കരുതി ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്നപ്പോൾ അവിടെയും നല്ല തിരക്ക് . ആദ്യമായി ജോലി കിട്ടി ഒരുമാസം കഴിഞ്ഞു നാട്ടിലേക്കു ഉള്ള യാത്ര യാണ് അതിനാൽ തന്നെ കുറച്ചു വസ്ത്രങ്ങളും സാധങ്ങളും വാങ്ങിയിരുന്നു. എല്ലാം തൂക്കി ടിക്കറ്റ് എടുക്കാനായി ആ തിരക്കിൽ അലിഞ്ഞു ചേർന്നു. ഇന്റർ സിറ്റിക്കു ഉള്ള ടിക്കറ്റ് ഒപ്പിച്ചെടുത്തു . സന്ധ്യ കഴിയും നാട്ടിൽ എത്താൻ . ട്രെയിനിൽ കയറാനും നല്ല തിരക്ക് . സീറ്റ് കിട്ടുന്ന ഒരു ലക്ഷണവുമില്ല . കൈയിൽ ഉള്ള സാധനങ്ങൾ വെക്കാനും സ്ഥലം ഇല്ല . സൈഡിൽ ഉള്ള ബർതിലും നിറച്ചു ബാഗുകൾ. എല്ലാം തൂക്കിപ്പിടിച്ചു ഒരു സീറ്റിൽ ചാരി നിന്നു .

പുറപ്പെടാൻ സമയം ആയപ്പോഴേക്കും സൂചി കുത്താൻ പോലും ഇടം ഇല്ലാത്ത അവസ്ഥ . ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാരും തിരക്കിൽ തന്നെ . ഇടയ്ക്കു ചായയുമായി ഒരു പയ്യൻ വന്നു . ഒരു ചായ കുടിക്കാൻ അതിയായ മോഹം പക്ഷെ കൈയിൽ സാധനങ്ങൾ . എന്റെ മുന്നിൽ ഉള്ള സീറ്റിൽ ഒരു അമ്മയും മകളും പിന്നെ 3 ആണുങ്ങളും . എന്റെ നിൽപ്പ് കണ്ടിട്ടോ എന്തോ

" മോനെ സാധനങ്ങൾ ഇങ്ങു തന്നേക്ക്‌ ഞാൻ പിടിച്ചോളാം " എന്ന് ആ അമ്മ .

ഒരുപാട് സന്തോഷത്തോടെ ഞാൻ അത് ആ അമ്മയെ ഏല്പ്പിച്ചു ചായവാങ്ങി, കൂടെ 2 ചായ അവർക്കും വാങ്ങി നൽകി. എന്റെ നിർബന്ധത്തിനു വഴങ്ങി അവർ ചായ കുടിച്ചു . ട്രെയിൻ വർക്കല ആയപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ഒരാൾ അവിടെയിറങ്ങി എന്നാലും 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ അപ്പോഴും 4 പേര്. അമ്മയുടെ കരുണാർദ്രമായ മനസ്സ് എന്നെ തുണച്ചു. അവർ കുറച്ചു നീങ്ങി എനിക്ക് ഇരിക്കാൻ സ്ഥലം തന്നു . അവർ ദാനമായി നൽകിയ ആ ഇത്തിരി സ്ഥലം പിന്നീട് പല മാറ്റങ്ങളും എന്റെ ജീവിതത്തിലുണ്ടാക്കി .

ഞങ്ങൾ പരിചയപെട്ടു, അവരുടെ ഭർത്താവു മരിച്ചു, 3 മക്കൾ അതിൽ മൂത്ത കുട്ടിയാണ് കൂടെ ഉള്ളത് അവൾ " മഞ്ജു" പി ജി കഴിഞ്ഞു നിൽക്കുന്നു. അവളുടെ അച്ഛൻ റെവന്യൂ വകുപ്പിൽ ജോലിയിൽ ഇരിക്കെ മരണപെട്ടു . അതിനാൽ ആ ജോലി മകൾക്ക് കിട്ടാൻ വേണ്ടി കുറെ നാളുകളായി സർക്കാർ ഓഫീസിന്റെ പടികൾ കയറിയിറങ്ങുന്നു . ആശ്രിത നിയമനം ലഭിക്കാൻ വേണ്ടിയുള്ള നൂലാമാലകൾ കുറെയുണ്ട് . ഞാൻ സെക്രട്ടറിയേറ്റിൽ ആണ് എന്ന് അറിഞ്ഞപ്പോൾ അവർക്ക് ഒരു സന്തോഷം പോലെ, കാരണം പലതും അവർക്ക് അവിടുന്നും ചെയ്തു കിട്ടാനുണ്ട് . കരുനാഗപ്പള്ളിയായപ്പോൾ അവരിറങ്ങി.

ജീവിതത്തിന്റെ തിരക്കിൽ ദിനങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു. ഒരു ദിവസം ഊണ് കഴിക്കാനായി ഇറങ്ങിയപ്പോൾ ഗേറ്റിൽ വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു, നല്ല പരിചയം ഉള്ള മുഖം . പെട്ടന്ന് ഓർമ്മ കിട്ടിയില്ല . എന്നെ കണ്ടപ്പോൾ ആ കുട്ടി അടുത്തേക്ക് എത്തി . 
"എന്നെ മനസ്സിലായില്ലേ? ഞാൻ മഞ്ജു കുറച്ചു നാൾ മുന്നേ ട്രെയിനിൽ വെച്ച് നമ്മൾ പരിചയ പെട്ടിരുന്നു . "

"ഓ ...ഇപ്പോൾ ഓർക്കുന്നു , തന്നെ കണ്ടപ്പോൾ എവിടേയോ കണ്ട പോലെ തോന്നി. ദിവസവും പലരും ഇവിടെ വന്നുപോകുന്നതുകൊണ്ട് പെട്ടന്ന് മനസ്സിലായില്ല ക്ഷമിക്കുക."
"അത് സാരമില്ല "
" എന്താ ഇവിടെ "
"അന്ന് പറഞ്ഞിരുന്നില്ലേ അച്ഛന്റെ ജോലി എനിക്ക് കിട്ടാൻ ഉള്ള കര്യങ്ങൾ നടക്കുന്നു എന്ന് അതിന്റെ പേപ്പർ ഇപ്പോൾ ഇവിടെ ആണ് അത് ശരിയാക്കാൻ വേണ്ടി വന്നതാണ്‌ . ഇനിയും കുറേ നടക്കേണ്ടി വരും."
" അന്ന് പറഞ്ഞിരുന്നു , എവിടയാണ് ഇപ്പോൾ ഫയൽ . അതിന്റെ വിശദ വിവരങ്ങൾ തരൂ ഞാൻ തിരക്കാം. താൻ വല്ലതും കഴിച്ചോ ? അമ്മയെവിടെ ? ഒറ്റയ്ക്ക് ആണോ വന്നത് ?"
"ഇന്ന് ഞാൻ ഒറ്റക്കാണ് വന്നത് , അമ്മക്ക് സ്പോണ്ടിലൈറ്റിസ്സിന്റെ അസ്വസ്ഥത ഉണ്ട് അതിനാൽ ഇടയ്ക്കു ഇടയ്ക്കു തലചുറ്റൽ . "
"താൻ ഊണ് കഴിച്ചോ ?" 
"ഇല്ല കഴിക്കണം "
"എങ്കിൽ പോരെ ഒന്നിച്ചു കഴിക്കാം"

മഞ്ജു വിൽനിന്നും ഫയലിന്റെ വിവരങ്ങൾ എഴുതി വാങ്ങി . എന്റെ മൊബൈൽ നമ്പരും നൽകി അതിനെ പറഞ്ഞു വിട്ടു . ഒരാഴ്ചക്കുള്ളിൽ തന്നെ അതിനു വേണ്ട കാര്യങ്ങളെല്ലാം ശരിയാക്കി നൽകി. കൊല്ലം ജില്ലയിൽ തന്നെ റവന്യൂ വകുപ്പിൽ അവർ ജോയിൻ ചെയ്തു . ഫോണിൽ കൂടി ഇടയ്ക്കു ആ സൗഹൃദം തുടർന്ന് പോന്നു .

നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഉണർന്നത് . നോക്കുമ്പോൾ പരിചയം ഇല്ലാത്ത നമ്പർ. ആരാണാവോ കാലത്ത് എന്നാ ചിന്തയുമായി ഫോണ്‍ എടുത്തു . സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി മഞ്ജുവാണ് എന്ന് . 
" അനുജത്തിക്ക് ഒരു അപകടം സംഭവിച്ചു . ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് വരുകയാണ്. ജയൻ ചേട്ടൻ കൂടി വന്നിരുന്നു എങ്കിൽ ഒരു സഹായമാകുമായിരുന്നു . "
കാര്യങ്ങൾ തിരക്കി .ഞാൻ വേഗം മെഡിക്കൽ കോളേജിലേക്ക് പോയി . ഞാൻ ചെന്ന് കുറച്ചു സമയത്തിനുള്ളിൽ അവർ എത്തി .

പരിചയമുള്ള ചില ഡോക്ടർമാർ ഉണ്ടായിരുന്നു അതിനാൽ വേഗം ഗീതയെ (അനുജത്തി ) അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകാൻ സാധിച്ചു . ഓപ്പറേഷന് കുറെ രക്തം വേണ്ടിവന്നു, "O-Ve " ഗ്രൂപ്പ് ആയതിനാൽ കിട്ടാനും പ്രയാസമായിരുന്നു. എന്റെയും ഗീതയുടെയും ഒരേ ഗ്രൂപ്പായതിനാൽ ഞാൻ രക്തം നൽകി. രക്തദാനം മഹാദാനം എന്ന് കേട്ടിട്ടുള്ളതല്ലാതെ അന്ന് ആദ്യമായാണ് ഞാൻ രക്തം നൽകുന്നത്. 2 ആഴ്ചയോളം അവിടെ കിടന്നതിനു ശേഷമാണ് ഗീത ഡിസ്ചാർജ്ജു ആയതു.

അത്യാവശ്യ സന്ദർഭത്തിൽ ഉള്ള എന്റെ സഹായവും രക്ത ദാനവും ഒക്കെ അവരുടെ മനസ്സിൽ എനിക്ക് ഒരു നല്ല വ്യക്തിത്വം നൽകി. അതിനേക്കാളുപരി എനിക്ക് കിട്ടിയ മാനസ്സിക സംതൃപ്തി അത് വർണ്ണിക്കാൻ കഴിയില്ല . എന്റെ രക്തത്തിലൂടെ മറ്റൊരാളിന്റെ ജീവൻ നിലനിൽക്കുന്നു. അന്ന് മുതൽ ആര് വിളിച്ചാലും ഞാൻ രക്തദാനത്തിനു തയ്യാറായി . ഇന്നും ആ മാനസ്സിക സംതൃപ്തി എനിക്ക് കിട്ടുന്നു . ഒരു ജീവൻ നൽകാൻ നമുക്ക് കഴിയില്ല, എന്നാൽ നമ്മുടെ ഒരു തുള്ളി രക്തം ദാനം ചെയ്യുന്നത് ചിലപ്പോൾ ഒരു ജീവൻ നിലനിർത്താൻ സാധിച്ചേക്കും.
*********************************************************************************

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഉപരോധ സമരം

ഉപരോധ സമരം
******************


ഉപരോധ സമരത്തിന്റെ മുദ്രാവാക്യങ്ങൾ പൂർണ്ണമായും വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. 50 % വിജയം അവകാശപ്പെടാം. ഉത്തരവാദിത്വം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ എല് ഡി എഫ് ചെയ്തത് നല്ലതാണ്. എല് ഡി എഫ് നു ഗുണങ്ങൾ ഏറെ . അന്വേഷണം പ്രഖ്യപിച്ചട്ടു മുഖ്യൻ തുടരും അതും ഉറപ്പാണ്‌ . മുഖ്യന്റെ ആദർശ മുഖംമൂടി ജനത്തിന് മുന്നില് തുറന്നുകാണിക്കാൻ സാധിച്ചു. രാഷ്ട്രീയമായി ഈ സമരം ഇടതു മുന്നണിക്ക്‌ നല്ലതേ നല്കുന്നുള്ളൂ . എന്തും നേരിടാൻ വന്ന സഖാക്കളുടെ ആവേശം കുറച്ചു കെടുത്തി എന്നത് ശെരി . പ്രായോഗിക രാഷ്ട്രീയത്തിൽ ഇതേപോലെ ജനപങ്കാളിത്തം ഉള്ള നീണ്ടു പോകുന്ന ഉപരോധസമരം വരുത്തി വെക്കുന്ന നെഗറ്റീവ് കാര്യങ്ങൾ മുൻകൂട്ടി കാണാതെ അനന്ശ്ചിതകാല സമരം പ്രഖ്യാപിച്ച മുന്നണി നേതൃത്വം അണികൾക്ക്മുന്നിൽ അതിനു ഉത്തരം പറയാൻ ബാധ്യസ്ഥർ ആണ് .

ഈ സമരത്തിലൂടെ ഇടതു മുന്നണി നേടിയ നേട്ടങ്ങൾ .

1. ജുഡീഷ്യൽ അന്വേഷണം പഖ്യപിപ്പിച്ചു.
2. അന്വേഷണ കാര്യങ്ങൾ ഇടതു പക്ഷവുമായി ചര്ച്ച ചെയ്തു തീരുമാനിക്കും .
3. അഴിമതിക്ക് എതിരെ ജനവികാരം ഉയര്ത്താൻ സാധിച്ചു.
4. യു ഡി എഫ് ന്റെ പൊള്ളത്തരങ്ങൾ ജനത്തിന് മുന്നിലേക്ക്‌ കൊണ്ട് വരാൻ കഴിഞ്ഞു.
5. അഴിമതിക്കും സ്വജന പക്ഷപാതതിനും നിയമത്തെ വളചോടിക്കലിനും സര്ക്കാര് കാണിക്കുന്ന ശുഷ്കാന്തി ജനത്തിന് മുന്നില് അവതരിപ്പിക്കാൻ സാധിച്ചു .
6. നിയമത്തിനെ സ്വന്തക്കാരുടെ ആവശ്യത്തിനു വേണ്ടി വളച്ചു ഓടിക്കുന്ന സര്ക്കാര് നിലപാടുകൾ പൊതു സമൂഹത്തിൽ ചര്ച്ച ചെയ്യിപ്പിക്കാനും അത് ജനത്തിന് മുന്നില് യു ഡി എഫ് നു നേർക്ക്‌ ഉള്ള ചോദ്യങ്ങൾ ആയി കൊണ്ടുവരാനും സാധിച്ചു.
7. ഇടതു മുന്നണിയുടെ സമരവീര്യവും സംഘടനാശക്തിയും ശക്തമാക്കാൻ ഉപകരിച്ചു . സർവോപരി ഒരു പൊതു തിരഞ്ഞെടുപ്പ് നേരിടാൻ തയാറെടുക്കുന്ന മുന്നണിക്ക്‌ ആവേശം പകരുന്ന തുടക്കം.

സമരത്തിന്‌ സംഭവിച്ച കോട്ടം ഒന്ന് മാത്രം മുദ്രവാക്യം പൂർണ്ണ അർത്ഥത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. അതിനു ഉള്ള മറുപടി വരും ദിവസങ്ങളിൽ നേതൃത്വം അണികളെ ബോധ്യപെടുതും എന്ന് വിശ്വസിക്കുന്നു .

സമരം പൊളിഞ്ഞു എന്ന് പറഞ്ഞു ആവേശം കൊള്ളാൻ ഇടതു വിരുധർക്കു അവകാശം ഉണ്ട് . അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട് അല്ലേ ഇന്ത്യ. സമരത്തിലൂടെ ഇടതു പക്ഷം നേടിയ ഈ നേട്ടങ്ങളെ വിജയങ്ങളെ ഉൾ കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യാം എന്ന് കരുതി ഇടതു മുന്നണി നേടിയ ഈ രാഷ്ട്രീയ നേട്ടങ്ങൾ ഇല്ലാതാകില്ല.

2013, മാർച്ച് 26, ചൊവ്വാഴ്ച

വിപ്ലവത്തില്‍ മുകുളങ്ങള്‍


ഈ ഭൂമി തന്‍ ആത്മാവിന്‍ നെരിപ്പോടില്‍ നിന്നും
ഉയരുന്ന ധൂമത്തില്‍ പിറവിയായി
വിപ്ലവത്തിന്‍ നവ മുകുളങ്ങള്‍
സോഷ്യലിസത്തില്‍ നവ മുകുളങ്ങള്‍ .

സമത്വ സഹോദര്യ ചിന്തയില്‍
മാനവ നന്മ തന്‍ ചിന്തയില്‍
സമൂഹത്തിന്‍ ശാശ്വത സത്യത്തിന്‍ ചിന്തയില്‍
വിടരുന്നു നവ വിപ്ലവത്തില്‍ മലരുകള്‍ .

പുതു വസന്തത്തിന്‍ മാറ്റൊലിയായി
കത്തുന്ന വയറിനു അന്നവുമായി
അടിമത്വത്തിന്‍ ചങ്ങല പോട്ടിചെരിഞ്ഞു
ഉയരുന്നു നവ വിപ്ലവത്തില്‍ ശംഖൊലികള്‍ .

മുതലാളിത്വത്തിന്‍ കോട്ടകളെ നിങ്ങള്‍ ഉയര്‍ത്തും
കോളനികള്‍ തകര്‍ത്തെറിയാന്‍
പുത്തനുഷസായി ഉദിച്ചുയര്‍ന്നു വരുന്നു ഞങ്ങള്‍
നവയുഗ വിപ്ലവത്തിന്‍ സന്തതികള്‍ .

വര്‍ഗീയ കോമരങ്ങളേ നിങ്ങള്‍
അടരാടുമീ തമസ്സില്‍ ഒരു നവ ജ്യോതിസ്സായി
ഞങ്ങള്‍ തന്‍ നെഞ്ചില്‍ കത്തും പന്തവുമായി
വരുന്നു ഞങ്ങള്‍ നവയുഗ വിപ്ലവത്തിന്‍ നക്ഷത്രങ്ങള്‍ .

ഈ ഭൂമി തന്‍ ആത്മാവിന്‍ നെരിപ്പോടില്‍ നിന്നും
ഉയരുന്ന ധൂമത്തില്‍ പിറവിയായി
വിപ്ലവത്തിന്‍ നവ മുകുളങ്ങള്‍
സോഷ്യലിസത്തില്‍ നവ മുകുളങ്ങള്‍
.

***************************************

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

കേരളം കണികണ്ടുണരുന്ന വിലക്കയറ്റം .


ഓരോ പ്രഭാതത്തിലും നാം പത്രം എടുത്തു നോക്കുമ്പോള്‍ വിലക്കയറ്റത്തിന്റെ വാര്‍ത്ത‍ ആണ് തല വാചകം . ഇനി വിലകൂട്ടാന്‍ ഈ ഭാരത നാട്ടില്‍ വല്ലതും  ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന സര്‍ക്കാരാണ് . സാമുദായിക ഐക്കവും വര്‍ഗ്ഗീയ വാദവും  പറഞ്ഞു  നടക്കുന്ന ഒരു നേതാക്കളും വിലക്കയറ്റ ത്തിനു എതിരായി പ്രതികരിക്കുന്നില്ല  . പ്രതികരണ ശേഷി ഇടതു പക്ഷത്തിനു ഒഴിച്ച് ബാക്കി എല്ലാര്ക്കും നഷ്ടപെട്ടോ ? അതോ മുതലാളിമാരുടെ ചട്ടുകമായി വായടച്ചു  നില്‍ക്കുകയാണോ ?

 കേന്ദ്ര സര്ക്കാര് എല്ലാം വിദേശ വല്‍ക്കരണം , സംസ്ഥാന സര്ക്കാര് എല്ലാം വിലകൂട്ടുന്നു . പെട്രോ,ള്‍ ഡീസ്സല്   , ഗ്യാസ്സ്  , പാല് ബസ്സ് ചാര്‍ജു , നിത്യോപയോഗ സാധനങ്ങള്‍ , മരുന്നുകള്‍ , പച്ചക്കറികള്‍ , ഇനി വിലകൂട്ടാന്‍ ഒന്നും ഇല്ല .. ഒന്ന്  തൂങ്ങി ചാവണം   എങ്കില്‍ ഒരു പിടി കയറിനു വേണം 50 രൂപ ...  ഇതിനു എതിരെ ഒന്നും പ്രതികരിക്കാന്‍  ജനത്തിന് സമയം ഇല്ലാ . തല്ലു  കൊള്ളാന്‍  ചെണ്ടയും കാശു വാങ്ങാന്‍ മാരനും എന്ന നില ആണ് ഇപ്പോള്‍ കേരളത്തില്‍ . സമരങ്ങളും പ്രതിഷേധങ്ങളും  നടത്താനും അവകാശങ്ങള്‍ നേടി കൊടുക്കാനും ഇടതു പക്ഷം . കാര്യം കഴിഞ്ഞു വോട്ടിനു ചെല്ലുമ്പോള്‍ സമദൂരവും ശെരി ദൂരവും പറഞ്ഞു വോട്ടു കൊണ്ഗ്രസ്സിനു . അവര് വന്നു വീണ്ടും  വില കൂട്ടും.

ഇന്ന് നാട്ടില്‍  പ്രതിഷേധങ്ങള്‍ ഇഷ്ടപെടാത്ത ഒരു അരാഷ്ട്രീയ ജന വിഭാഗം വളര്‍ന്നു  വരുന്നുണ്ട് . അതിന്റെ പ്രതിഫലനങ്ങള്‍  സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കാണാന്‍ കഴിയുന്നുണ്ട് .  അഴിമതിക്ക് എതിരെ ഉം വില വര്‍ധനവിന്  എതിരെയും പ്രതികരിക്കുന്നവരും ഉണ്ട് .  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഇഷ്ടംപോലെ വിലകൂട്ടുംപോള്‍ , ദുരിതത്തില്‍ ആകുന്നതു സാധാരണ ജന വിഭാഗം ആണ് . കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ എന്ന് പഴം ചൊല്ല്  എന്നാല്‍ ഇന്ന് കഞ്ഞി പോയിട്ട് കഞ്ഞി വെള്ളം പോലും കിട്ടാത്ത അവസ്ഥ ആണ് വരുന്നത് .  ഒരു ആശ്വാസം പൊതു വിതറ സമ്പ്രദായവും മാവേലി സ്ടോരുകളും ആരുന്നു . എന്നാല്‍ ഇന്ന് അവ അടച്ചു പൂട്ടലിന്റെ വക്കില്‍ ആണ് .   ഇങ്ങനെ പോയാല്‍ സമീപ ഭാവിയില്‍  തന്നെ  ഭാരതത്തില്‍ പട്ടിണി മരണങ്ങള്‍  ഒരുപാട് ഉണ്ടാകും .   അതിനെയും എങ്ങനെ വിദേശ മാര്‍ക്കറ്റില്‍  വിറ്റഴിക്കാം എന്ന് ആകും സര്‍ക്കാരുകളുടെ അടുത്ത നോട്ടം . എല്ലാം സഹിക്കാന്‍  വിധിക്ക പെട്ട വിഭാഗം ആണ് സാധാരണ ജനം ... 


  ഈ വിഷയം ഇവിടെ അവതരിപ്പിക്കുന്നു . നാടിന്‍റെ പുരോഗതി ഇഷ്ടപെടുന്നവര്‍ അഭിപ്രായം പറയുക . 

2012, മേയ് 16, ബുധനാഴ്‌ച

ആശയ സമരം



ആശയസമരങ്ങള്‍ സി പി ഐ എം ഇല്‍ പുത്തരി അല്ല  എന്നാല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ വക്താക്കളായി നടന്ന കുറെ അധികം സഖാക്കള്‍ വിഭാഗീയത മൂത്തപ്പോള്‍ പാര്‍ട്ടി വിട്ടു പോയി . അത് ആശയ സമരം എന്ന് പുറമേ പറയാം എന്ന് അല്ലാതെ  പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങള്‍  പിടിക്കാനും ആ സ്ഥാനത്തിലൂടെ  പാര്‍ലമെന്ററി   സ്ഥാനങ്ങളില്‍  എത്തിപ്പെടാനും വേണ്ടി കുറെ കാലമായി  പ്രസ്ഥാനത്തില്‍  നില നില്‍ക്കുന്ന വിഭാഗീയതയുടെ ഫലമായി  പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തു പോയിട്ടുണ്ട്, അതെല്ലാം ആശയ സമരം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല . അടുത്ത കാലത്തായി  പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗീയതക്ക് ഒരു ആശയ സമരവും ഉണ്ടായട്ടില്ല  അപൂര്‍വ്വം ചില അവസരങ്ങളില്‍ ഒഴിച്ചാല്‍ . നാലാം ലോകവാദവും, എ ഡി ബി, ലോകബാങ്ക്  വായിപ്പയും , വര്‍ഗ്ഗീയ പാര്‍ട്ടികളോട് ഉള്ള   സമീപനവും, സ്വത്വ രാഷ്ട്രീയവും അങ്ങനെ ചില വിഷയങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ വേണ്ടി ചില നേതാക്കള്‍ നടത്തിയ തരംതാണ കളിയായിരുന്നു.  അതിനു വേണ്ടി ചിലര്‍ മാധ്യമങ്ങളെ ഉപയോഗിച്ചു, ചിലര്‍ പാര്‍ട്ടി സഖാക്കളേ ഉപയോഗിച്ചു. 


റിവിഷനിസ്റ്റ്  രീതിയേയും  പങ്കാളിത്ത ജനാധിപത്യത്തെയും  തള്ളി പറഞ്ഞു   മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു ധാരയില്‍ കൂടി തന്നെ  ആണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത് . അല്ലായിരുന്നു എങ്കില്‍ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയെ കിട്ടിയേനേം , മുസ്ലീം ലീഗ് പോലെ ഉള്ള പാര്‍ട്ടികളെ കൂട്ട് പിടിച്ചു പാര്‍ട്ടിക്ക് എന്നും അധികാരത്തില്‍ തുടരാമായിരുന്നു. അതിനു ഒന്നും പാര്‍ട്ടിക്ക് പോകാന്‍ കഴിയഞ്ഞത്   മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്‌ കൊണ്ട് തന്നെ ആണ്.  ജനകീയാസൂത്രണത്തിന് എതിരെ പോലും ആശയ സമരവും പാര്‍ട്ടിയില്‍ വ്യക്തമായ ചര്‍ച്ചയും അതിലൂടെ നിലപാടുകളും ഉണ്ടായട്ടുണ്ട് . കേന്ദ്രീകൃത  ജനാധിപത്യത്തില്‍ നിന്നും വികേന്ദ്രീകാരണതിലൂടെ   ജനങ്ങളിലേക്ക്  അധികാരം എത്തുകയും  അത് നാടിന്റെ മുഖച്ചായ മാറ്റുന്ന വികസനം ആകിമാറ്റാന്‍ കഴിഞ്ഞതും  ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയെടുത്ത മാറ്റങ്ങള്‍ ആയിരുന്നു .  അതേപോലെ  തന്നെ നാലാം ലോകവാദം, ആ സമയത്തും പാര്‍ട്ടിയില്‍ ആശയപരമായ ചേരിതിരുവും ആശയ സംഘട്ടനങ്ങളും ഉണ്ടാകുകയും അത് വിശദമായ ചര്‍ച്ചകളിലൂടെ നാലാം ലോക വാദവും  മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു ആശയങ്ങളും തമ്മില്‍ ഉള്ള വെത്യാസവും വലതു പക്ഷ വെതിയാനവും  എല്ലാം വ്യക്തത വരുത്തിയതാണ്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആശയ സമരങ്ങളെ മാധ്യമങ്ങളില്‍ കൂടി പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത്  തെറ്റായി കാണുന്നില്ല അത് പൊതു സമൂഹത്തിന്റെ കാഴ്ചപാടുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍  ഇന്ന് മാധ്യമങ്ങള്‍ പാര്‍ട്ടിയിലെ ആശയ സമരങ്ങളെ അഭിപ്രായ വെത്യസങ്ങളെ  അവരുടെ വാര്‍ത്താ വിപണനത്തിന് ഉള്ള ആയുധം ആക്കുകയാണ് അതിനു അറിഞ്ഞോ അറിയാതയോ പല ഉന്നത സഖാക്കളും വീണു പോകുന്നു . അത് വിഭാഗീയത ഊതി പെരുപ്പിക്കാന്‍ ഉള്ള ആയുധം ആക്കുന്നു. അത് കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് ചേര്‍ന്ന നിലപാടുകളും പ്രവര്‍ത്തിയും അല്ല.


 ഒരു ആശയ സംവാദങ്ങളും  ഒഞ്ചിയതും ഷൊര്‍നൂറും  ഉയര്‍ന്നു വന്ന വിഭാഗീയതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല .  പാര്‍ട്ടി നേതൃത്വത്തിന് എതിരെ സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടി കാലങ്ങളായി നടന്ന വിഭാഗീയതയുടെ ഫലം ആയി ആഗ്രഹിച്ച അധികാരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ കുറെ  സഖാക്കള്‍ പുറത്തു പോയി .  പഞ്ചായത്ത് ഭരണങ്ങള്‍ എല്ലാ സ്ഥലങ്ങളിലും ഇടതു പക്ഷം കൂട്ടായി നടത്തുന്നു. ചില സ്ഥലങ്ങളില്‍ പ്രസിഡണ്ട്‌  സ്ഥാനങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് വീതം വെക്കാറുണ്ട്. അത് ഒരു മുന്നണി മര്യാദയുടെ ഭാഗം ആണ് അത് ഉള്‍ക്കൊള്ളാന്‍  കഴിയാതെ  ഒഞ്ചിയത്തെ ചില പഞ്ചായത്തുകളിലെ പ്രസിഡണ്ട്‌ സ്ഥാനം വിട്ടു കൊടുക്കുന്നതിനു എതിരെ പ്രതികരിച്ചു കുറെ സഖാക്കള്‍ പുറത്തു പോയി. സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചു . അതില്‍ എന്ത് ആശയ സമരം ആണ് ഉള്ളത്? അധികാരത്തിനു വേണ്ടി ഉള്ള കടിപിടിയായെ അതിനെ കാണാന്‍ കഴിയു . ഒരു ഇടതു പക്ഷ പ്രവര്ത്തകന് ആദ്യം വേണ്ടത് സംഘടന അച്ചടക്കവും  പാര്‍ട്ടി നിലപാടുകളെ അംഗീകരിക്കാന്‍ ഉള്ള മനസ്സും ആണ്. അത് പുലര്‍ത്താതെ പുറത്തുപോയി . പോയവര്‍ക്ക് ഊര്‍ജ്ജം പകരത്തക്ക നിലയില്‍ അന്ന് പാര്‍ട്ടിയില്‍ നിന്നും ചില സഖാക്കളുടെ പ്രതികരണങ്ങളും  വൈരാഗ്യ ബുദ്ധിയോടെ ഉള്ള സമീപനവും ഉണ്ടായി . കൂട്ടിയോജിപ്പിന്റെ പാത സ്വീകരിക്കാന്‍ അന്ന് പ്രാദേശിക നേതൃത്വത്തിനോ ജില്ല സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞില്ല എന്നത് വസ്തുത ആണ്. 

പാര്‍ലമെന്റാരി വ്യാമോഹം  ഇന്ന് സി പി ഐ എം  നേതാക്കളിലും കടന്നു കൂടിയട്ടു ഉണ്ട് എന്നത് പാര്‍ട്ടി പലപ്പോഴും അംഗീകരിച്ച സത്യമാണ്. അത് ഉപേക്ഷിച്ചു എങ്കില്‍ മാത്രമേ  നേതാക്കള്‍ വെച്ച് പുലര്‍ത്തുന്ന വിഭാഗീയത അവസാനിക്കുകയുള്ളൂ . കേരളത്തിന്റെ മുന്നേറ്റത്തിനു ഇന്ത്യയുടെ മുന്നേറ്റത്തിനു ഇടതു പക്ഷത്തിന്റെയും  അതിനു നേതൃത്വം കൊടുക്കുന്ന സി പി ഐ എം ന്റെയും വളര്‍ച്ച  അത്യാവശ്യം ആയ ഘടകമാണ്. ആശയ സമരങ്ങളെ ആശയ പരമായി നേരിട്ടുകൊണ്ട് ശക്തമായ സംവാദങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ട്  സമൂഹത്തിന്റെ  ബൌധിക മണ്ഡലങ്ങളെ ഇപ്പോള്‍ ഉള്ള നവ ലിബരലിസത്തിനു എതിരെ  അണി നിരത്തി  ഭൂരിപക്ഷം വരുന്ന പാവങ്ങളുടെയും സാധാരണക്കാരുടെയും  ഇടത്തരക്കാരുടെയും പ്രതീക്ഷയായ ഇടതു പ്രസ്ഥാനങ്ങള്‍  വളരണം.

ഇത് ഇടതുപക്ഷ ആശയ സമരങ്ങളെ കുറിച്ച് ഉള്ള വിശദമായ ലേഖനം അല്ല . ഇപ്പോള്‍ മാധ്യമങ്ങളില്‍ ഉണ്ടായ ചര്‍ച്ചകളെ നിരീക്ഷിച്ചു എന്ന് മാത്രം .

2012, മേയ് 11, വെള്ളിയാഴ്‌ച

ഒരു സായന്തന പുഷ്പത്തിന്‍ തേങ്ങല്‍



കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,
ഇതളുകളില്‍   തളിര്‍ത്തു സൗരഭം പരത്തി
ഞാന്‍ നിന്നിരുന്നപ്പോള്‍
നീ എന്നില്‍ അലിഞ്ഞു .
ഞാന്‍ എന്നില്‍ ഒളിപ്പിച്ച എന്‍
തേന്‍ കണങ്ങള്‍ നീ നുകര്‍ന്നു .
ഇന്ന് എന്‍ ഇതളുകള്‍ കൊഴിഞ്ഞു
ഈ സായന്തനത്തില്‍ എത്തിടുമ്പോള്‍
എന്തേ നീ പറന്നകന്നിടുന്നു.??...
എന്‍ തേന്‍ നുകര്‍ന്ന് നിന്നപ്പോള്‍
എന്‍ കാതില്‍ നീ മൂളിയ 
ശൃംഗാര ഗാനത്തിന്‍
അലയൊലികള്‍ ഇന്നും
എന്‍ കാതില്‍ മുഴങ്ങിടുന്നു
ഇതോ നീ പറഞ്ഞ പ്രണയം ?
ഇതോ നീ പാടിയ അനശ്വര പ്രണയം?
ഇതോ കവികള്‍ പാടി പുകഴ്ത്തിയ
സ്വര്‍ഗീയ അനുഭൂതി ? .
ഇതോ കാമദേവന്റെ പുഷ്പ ബാണത്തില്‍
ഒളിപ്പിച്ച അനുരാഗത്തില്‍ വല്ലികള്‍ ?
ഇന്ന് നിന്‍ പ്രണയം
അരികത്തു നിക്കുമെന്‍ സഖിയോടോ ?
അവളിലേ തേന്‍ നുകരനായി നീ  ത്തിടുമ്പോള്‍
എന്‍ അന്തരാത്മാവ് നിനക്കായ്‌  കേഴുന്നു 

എന്തെ എന്‍ അരികത്തു നീ അണയാത്തത്.?
കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,

**************************************



കടപ്പാട് :ചിത്രം , എന്റെ സുഹൃത്ത്‌ വിനു മാത്യു 

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

കുട്ടനാടിന്റെ ഇതിഹാസകാരന്‍


 മലയാള സാഹിത്യ ശാഖയെ വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ  എഴുത്തുകാരില്‍ പ്രധാനി ആയിരുന്നു തകഴി എന്ന തകഴി ശിവശങ്കര പിള്ള .  1912 ഏപ്രില്‍ 17 നു ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു . ആദ്യകാലങ്ങളില്‍  കഥകളില്‍ കൂടിയും പിന്നീടു നോവലുകളില്‍ കൂടിയും  സാഹിത്യ മേഘലയില്‍ നിറഞ്ഞു നിന്നു. ഒരു യാത്ര വിവരണവും ഒരു നാടകവും മൂന്നു ആത്മകഥകളും അദ്ദേഹം രചിച്ചട്ടുണ്ട് .  അദ്ദേഹത്തിന്റെ  രചനകളില്‍ ഭൂരി ഭാഗവും സാധാരണക്കാരന്റെയും   കര്‍ഷക തൊഴിലാളിയുടെയും ജീവിതവുമായി ബന്ധപെട്ടുള്ളവയാണ്. ആലപ്പുഴയുടെയും കുട്ടനാടിന്റെയും വശ്യമനോഹരമായ പ്രകൃതി ഭംഗിയും സംസ്കാരവും വളരെ ഭംഗിയായ നിലയില്‍ തന്റെ കൃതികളില്‍ കൂടി കുട്ടനാടിന്റെ ഈ ഇതിഹാസകാരന്‍ വരച്ചു കാടിയട്ടുണ്ട് . ഈ ഏപ്രില്‍ 17 നു അദേഹത്തിന്റെ നൂറാം ജന്മദിനം ആണ് . അദേഹത്തിന്റെ ജിവിതത്തിന്റെ  അവസാനകാലത്ത് ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളരാനും അദേഹത്തിന്റെ പല കൃതികളും വായിച്ചു മനസ്സിലാക്കുവാനും  കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു . 1996 ഇല്‍ ഹരിപ്പാട്‌ വെച്ച് നടന്ന  പുരോഗമന കലാസാഹിത്യ സംഘം  സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കേള്‍ക്കുവാനും ഭാഗ്യം  എനിക്ക്  ഉണ്ടായട്ടുണ്ട് .

 

ബഷീര്‍, അഴികോട്, തകഴി, കേശവദേവ്‌  

അദ്ദേഹത്തിന്റെ പല കൃതികളും വിദേശ ഭാഷയിലേക്ക് തര്‍ജമ ചെയ്യപെട്ടിട്ടുണ്ട് . ജ്ഞാനപീഠം , കേന്ദ്ര സാഹിത്യ അക്കാദമി , കേരള  സാഹിത്യ അക്കാദമി  തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട് . ചെമ്മീന്‍, കയര്‍, രണ്ടു ഇടങ്ങഴി, ഏണിപ്പടികള്‍ തുടങ്ങിയുള്ള കൃതികള്‍ അദേഹത്തെ ലോക പ്രശസ്ത സാഹിത്യ കാരന്‍ ആക്കി . അദേഹത്തിന്റെ പല കൃതികളും പില്‍കാലത്ത് വെള്ളിത്തിരയില്‍ എത്തിയട്ടുണ്ട് . സത്യന്‍ മാഷും കൊട്ടാരക്കരയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ  ചെമ്മീന്‍ അതില്‍  പ്രധാനപെട്ട സിനിമ . അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും സാഹിത്യ ജീവിതത്തില്‍ താങ്ങും തണലുമായിരുന്നു കാത്ത എന്ന കമലാക്ഷിയമ്മ .  വിശ്വസാഹിത്യ കാരന് ചേരുന്ന ഒരു സ്മാരകവും ഒരു മ്യൂസിയവും കേരള സര്‍ക്കാര്‍  തകഴിയിലെ ശങ്കരമംഗലം വീട്ടില്‍ നിര്‍മ്മിച്ചട്ടുണ്ട് .  ജന്മ ശതാബ്ടിയോടു അനുബന്ധിച്ച് വിപുലമായ പരുപാടികള്‍ തന്നെ സംഘടിപ്പിച്ചു നടത്തുന്നു .  അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും മലയാളികള്‍ കൂടുതല്‍ ശ്രെമിക്കണം. ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും അതിന്റെ തനിമ ഒട്ടും നഷ്ടപെടാതെ തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞട്ടുണ്ട് .  39 നോവലുകളും അഞ്ഞൂറില്‍ പരം ചെറുകഥകളും ഒരു നാടകവും ഒരു യാത്ര വിവരണവും മൂന്നു ആത്മകഥകളും അദ്ദേഹത്തിന്റേതായി ഉണ്ട് . 1999 ഏപ്രില്‍ 10 നു ഈ വിശ്വസാഹിത്യകാരന്‍ നമ്മേ വിട്ടുപിരിഞ്ഞു.

കര്‍ഷക തൊഴിലാളികളുടെയും മുക്കുവരുടെയും  ഇടത്തരകാരുടെയും  ജീവിത കഥകള്‍ വിവരിക്കുന്ന അദേഹത്തിന്റെ നോവലുകള്‍ എത്ര വായിച്ചാലും മതിവരുകയില്ല . ഹിന്ദു ആയ മുക്കുവന്റെ മകളും മുസല്‍മാനായ  കൊച്ചുമുതലാളിയും തമ്മില്‍ ഉള്ള  പ്രണയവും പിന്നീടു അവരുടെ ജീവിതത്തില്‍   ഉണ്ടാകുന്ന മാറ്റങ്ങളും നായികയുടെ അച്ഛന്റെ പണത്തോട് ഉള്ള ആര്‍ത്തിയും  അതില്‍ കൂടി ഉണ്ടാകുന്ന ദുരന്തവും  വളരെ ഹൃദയസ്പര്‍ശി യായ രീതിയില്‍ ചെമ്മീന്‍ എന്ന നോവലില്‍ കൂടി അദേഹം വരച്ചു കാട്ടി. ഏണിപ്പടികള്‍ രണ്ടു ഇടങ്ങഴി , ബലൂണുകള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ , തോട്ടിയുടെ മകന്‍ , കയര്‍ , തകഴിയുടെ കഥകള്‍, ഒരു കുട്ടനാടന്‍ കഥ , etc  തുടങ്ങി മലയാളത്തിന്റെ അനശ്വരയ സാഹിത്യ സൃഷ്ടികള്‍ മനസ്സിരുത്തി വായിക്കുവാനും പഠിക്കുവാനും പുത്തന്‍ തലമുറയും ശ്രെമിക്കണ്ടാതാണ് . 
 തകഴിയും എം ടി യും 

********************************************************************************************
കടപ്പാട് : ചിത്രങ്ങള്‍ ഗൂഗിളില്‍ തപ്പി എടുത്തതാണ് 
http://www.mathrubhumi.com/books/article/review/2344/