2015, ജൂലൈ 12, ഞായറാഴ്‌ച

ഇതും ഒരു വനരോദനം


ഉരുകുന്നു ദേഹവും ദേഹിയും

കത്തുന്നു മണ്ണും വിണ്ണും

പൊള്ളി ഇളകുന്നു തോലുകൾ

കരിഞ്ഞു കൊഴിയുന്നു ദളങ്ങൾ

മഴ മേഘങ്ങൾക്കായ് വാതോരാതെ

വിലപിക്കുന്നു വേഴാമ്പലുകൾ.

കാട്ടുതീയായി പടർന്നെത്തുന്നുകൊടും വേനലുകൾ

ശീതീകരണ യന്ത്രത്തിൻ സ്വിച്ചുകൾ തിരിച്ചു

ദീർഘ നിശ്വാസമിടുന്നു മാനവർ.


അരങ്ങത്ത് വികസനവും

അണിയറയിൽ അഴിമതിയുമായ്

അരിഞ്ഞു വീഴ്ത്തപ്പെടുന്നു സ്വപ്‌നങ്ങൾ.

കടക്കണ്ണിനാൽ കരൾ കവർന്നും

മധു മൊഴികളാൽ മനം കവർന്നും

അരങ്ങു തകർക്കും കരനാഥന്മാർ

തോണ്ടിടുന്നു കുഴിമാടങ്ങൾ

മായകളാൽ തകർത്തിടുന്നു

ഈ ഭൂമിതൻ ആത്മാവിനെ.


കൊയ്ത്തുപാട്ടുമായ് കൊയ്തെടുക്കും

കനകത്തിൻ കതിർമണികൾ

കാണുന്നീല ഒരു വയലേലകളിലും

കറുകയും പോളയും തഴച്ചു

കുപ്പിയും മാലിന്യങ്ങളുമായ്

നിറമാറ് പൊട്ടി ഒഴുകിടുന്നു.


ഇന്നിന്റെ ഈ നേർക്കാഴ്ചകൾ 

മനതാരിൽ ഒരു നീറ്റലായി മാറിടുന്നു

മാറ്റത്തിൻ ചിന്തകൾ വനരോദനമായി

മാറിടുമ്പോൾ പുതിയ പുലരികൾ

ആർത്തനാദങ്ങളാൽ മുഖരിതമായിടുന്നു, 

മാറുക മാനവ ഇല്ലെങ്കിൽ 

പ്രകൃതി തൻ രൗദ്രത്താൽ 

തുടച്ചു നീക്കപ്പെടും നിൻ സംസ്കാരം .

*******************************************************