2017, ഏപ്രിൽ 25, ചൊവ്വാഴ്ച

എന്റെ ആകാശം


ആകാശത്തേക്ക് നോക്കി കിടക്കുമ്പോൾ ഒരു മഴത്തുള്ളി നെറുകയിൽ വീഴുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ.. മാനത്തു നോക്കി കിടക്കുമ്പോൾ ഒരായിരം നക്ഷത്രങ്ങളോട് വഴക്കു കൂടാം. അവർ ഓരോരുത്തരും ഓരോരോ ദുഃഖങ്ങൾ പങ്കുവെക്കും സന്തോഷങ്ങൾ പങ്കുവെക്കും. അത് നല്ലയൊരനുഭവമാണ് . നിശബ്ദമായി അങ്ങനെ കിടക്കാൻ കഴിയുന്നത് ഭാഗ്യമാണ്.



എത്ര വേദനയുള്ളപ്പോഴും രാത്രിയിൽ ആകാശത്തേക്ക് നോക്കി കിടന്നാൽ കിട്ടുന്ന മനഃശാന്തി അത് അനുഭവിച്ചു തന്നെ അറിയണം. മഴമേഘങ്ങൾ മൂടപ്പെട്ടാലും അവക്കിടയിലൂടെ നമ്മളെ നോക്കി കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾ എന്നും കൂട്ടായി ഉണ്ടാവും.



അമാവാസി രാത്രികളിൽ നക്ഷത്രങ്ങളൂം ചന്ദ്രനും ഇല്ലെങ്കിലും ഇരുട്ടിൽ ആരൊക്കെയോ കൂട്ടിനു ഉണ്ടാവും എന്ന വിശ്വാസം അത് നൽകുന്ന സാന്ത്വനം ആത്മവിശ്വാസം . അതിനു പകരം വെക്കാൻ എന്താണ് ഉള്ളത് ? ചീവീടുകളുടെ കരച്ചിലും മൂങ്ങകളുടെ മൂളലും കുറച്ചു പാലപ്പൂ മണവും ഇരുളുമൂടിയ ആകാശവും നൽകുന്നത് സുന്ദരമായ രാത്രിയാവും.



തുലാവർഷ രാത്രികളിൽ ഇടിയും മിന്നലും നിറഞ്ഞ നമ്മുടെ ആകാശം എത്ര സുന്ദരമാണ് . ആകാശത്തിന്റെ വലിയ ക്യാൻവാസിൽ അപ്പോൾ വരക്കപ്പെടുന്ന ചിത്രങ്ങൾ എത്ര മായിച്ചാലും മനസ്സിന്റെ ചുവരിൽനിന്നും മായാതെ കിടക്കുന്നു . എത്ര ചായക്കൂട്ടുകൾ കൂട്ടികലർത്തിയാലും അത്രയും സുന്ദരമായ ചിത്രം നമുക്ക് സൃഷ്ടിക്കാൻ കഴിയില്ല.



മകരമാസ തണുപ്പിൽ മൂടൽ മഞ്ഞുകൾക്കു ഇടയിലൂടെ നമ്മൾ കാണുന്ന തിളക്കമാർന്ന ആകാശം എത്ര സുന്ദരമാണ്. ആ ഇളം തണുപ്പേറ്റ്‌ മുകളിലേക്ക് നോക്കി കിടക്കാൻ എന്നും കൊതിതോന്നും.



നീലാകാശവും, മഴമേഘങ്ങൾ നിറഞ്ഞ ആകാശവും, ചെമ്പട്ടു പുതച്ച ആകാശവും പകലിന്റെ സൗന്ദര്യം കൂട്ടുന്നു . ഓരോ ദിനങ്ങളും ഓരോ നിറഭേദങ്ങൾ ജീവസ്പന്ദനമാക്കി മാറ്റുന്ന പ്രകൃതിയുടെ ചിത്രപ്പുരയിലെ കാഴ്ചകൾ എത്ര പറഞ്ഞാലും മതിയാവില്ല.



പ്രഭാതത്തിലെ ആകാശവും സായാഹ്നത്തിലെ ആകാശവും എത്ര സുന്ദരമാണ് . പലപ്പോഴും നമ്മുടെ മനസിസ്ന്റെ അവസ്ഥയെപോലെയും സ്വാധീനിക്കാൻ ആ ആകാശകാഴ്ചകൾക്ക് ആവും.



ഏറ്റവും സുന്ദരമായ ചിത്രങ്ങൾ കിട്ടുക നമ്മുടെ പ്രകൃതിയിൽ നിന്നുമാണ്. അതിനെ എന്നും കാത്തു സൂക്ഷിക്കുക. മൊബൈലും വട്സാപ്പും എഫ് ബിയും വന്നതോടെ നമുക്ക് നഷ്ടപ്പെടുന്ന സുന്ദര നിമിഷങ്ങളാണിവ. ഇതിനും കുറച്ചു സമയം കണ്ടെത്തുക .എന്നും മനസ്സിൽ കുറിച്ചിടാൻ താലോലിക്കാൻ ഇങ്ങനെ കുറെ സുന്ദര നിമിഷങ്ങൾ ഉണ്ടാവട്ടെ.



************************************************************************

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

എന്നെന്നും


താളങ്ങൾ തെറ്റാത്ത ഹൃദയത്തിന്റെ
ഇനിയും ജീവിക്കാൻ കൊതിക്കുന്ന
മോഹങ്ങൾ നിറഞ്ഞ മനസ്സിന്റെ
തുടിക്കുന്ന പ്രാണനാണ് പ്രീയേ നീ
കറുകത്തുമ്പിലിറ്റു നിൽക്കും ഹിമകണത്തിൽ
തിളങ്ങുന്നു എൻ പ്രീയ തൻ സുന്ദരവദനം
അരുതേ ഇളം കാറ്റേ
നീ പൊഴിച്ചീടല്ലേ എൻ ഹിമകണത്തെ
ആരാലും ചവിട്ടി ഉടക്കപ്പെടല്ലേ
എൻ ആരാമത്തിലെ
ആരും കൊതിക്കുമീ
കറുക നാമ്പ്.
പ്രാണനുള്ള കാലത്തോളം
പ്രാണനായെന്നിടനെഞ്ചിൽ
ഹൃദ്യമാം താളമായ് 
നീ തുടിച്ചീടും പ്രീയേ....
നമ്മളൊത്തു ചേരുമെന്നോതവേ
മോഹങ്ങൾ തൻ വല്ലികളാൽ 
ജീവിതമാം കിളിമരച്ചില്ലയിൽ
പടർന്നു പന്തലിച്ചിടാം
ഇന്നുകൾ നാളത്തെ ഓർമ്മകളായ് മാറിടുമ്പോൾ
പൊയ്‌പ്പോയ വസന്തത്തിൻ മധുരമാം ഓർമ്മകൾ
പല വർണ്ണ ചായങ്ങൾ ചാലിച്ച ചിത്രങ്ങളായ് 
നമ്മുടെ അകതാരിലെന്നും നിറഞ്ഞിടുന്നു
നിൻ കാൽപ്പാടുകൾ ചേർന്ന്
നടന്നു നീങ്ങിടുമ്പോൾ
ഒരീറൻ കാറ്റിനാൽ
ആലിംഗബദ്ധരായിടുന്നു നാം
ഇന്നത്തെ ദുഃഖങ്ങൾ നാളത്തെ നീറുന്ന
ഓർമ്മകളായിടുമ്പോൾ, സാന്ത്വനമായ് 
നീ നൽകിയ സ്നേഹസംരക്ഷണം
ദൃഢമാക്കിടുന്നു ബന്ധങ്ങൾ.
.....................................